Kerala News
തിരുവനന്തപുരം: ലോട്ടറി ഡയറക്ടര്‍ എം.നന്ദകുമാറിനെ മാറ്റി. മുന്‍ നികുതി കമ്മീഷണര്‍ രബീന്ദ്രനാഥ് അഗര്‍വാള്‍ പുതിയ ഡയറക്റ്ററാകും. ലോട്ടറി കേസിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് മാറ്റം. അന്യസംസ്ഥാന ലോട്ടറികള്‍ നിരോധിക്കാന്‍ ലോട്ടറി ഡയറക്റ്ററേറ്റിന് അധികാരമില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഇത് സര്‍ക്കാരിനു തിരിച്ചടിയായി വ്യാഖ്യാനിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് നടപടി. അതേസമയം ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് താന്‍ ആവശ്യപ്പെട്ടിരുന്നതായും ഇതനുസരിച്ചാണ് തല്‍സ്ഥാനത്തുനിന്ന് തന്നെ മാറ്റിയതെന്നും നന്ദകുമാര്‍ പറഞ്ഞു.
കൊച്ചി: എട്ട് ജില്ലകളില്‍ പ്ലസ് ടുവിന് അധികബാച്ച് അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഹാജരാക്കണമെന്ന് ഹൈക്കോടതി. ഉത്തരവ് വെള്ളിയാഴ്ച ഹാജരാക്കണമെന്നാണ് നിര്‍ദ്ദേശം. മാനദണ്ഡങ്ങള്‍ മറികടന്നാണ് ബാച്ചു-കള്‍ അനുവദിച്ചതെന്ന് കാണിച്ച് നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. കൊല്ലം, ആലപ്പുഴ, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് സര്‍ക്കാര്‍ പ്ലസ് ടുവിന് അധികബാച്ച് അനുവദിച്ചത്.
ന്യൂഡെല്‍ഹി: തിലക്നഗറില്‍ കെട്ടിടത്തിന് തീപിടിച്ചു മലയാളി ഉള്‍പ്പടെ നാലു പേര് മരിച്ചു. എക്സ്റേ ക്ലിനിക്കിനാണ് പുലര്‍ച്ചെ മൂന്നരയോടെ തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പത്തനംതിട്ട സ്വദേശി റോബിനാണ് മരിച്ച മലയാളി. അഗ്നിശമനസേനയും പോലീസും രക്ഷാപ്രവര്‍ത്തനം നടത്തി.
കൊച്ചി: എറണാകുളം കാക്കനാട് ഒരു കുടുംബത്തിലെ നാല് പേരെ വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. തൃശ്ശൂര്‍ സ്വദേശി സജോ ജോണ്‍ ഭാര്യ ദീപ്തി മക്കളായ ആല്‍ഫ്രഡ്, അലക്സ് എന്നിവരെയാണ് ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനം. തൃക്കാക്കര പോലീസ് അന്വേഷണം ആരംഭിച്ചു. ഐടി കണ്‍സള്‍ട്ടന്റായ സജോ ജോണിന് സാന്പത്തിക ബാധ്യതയുള്ളതായി ബന്ധുക്കള്‍ പറഞ്ഞു. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മരണം സംഭവിച്ചതെന്ന് പോലീസ് അറിയിച്ചു.